വഖഫ് ഭേദഗതി നിയമം ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി ആശ്വാസകരവും പ്രതീക്ഷാ നിര്‍ഭരവുമാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി, ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി, പാര്‍ലമെന്റിനെ വെല്ലുവിളിച്ച് ദോശചുട്ടെടുക്കുന്ന ലാഘവത്തില്‍ രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേല്‍ കടന്നുകയറുന്ന മോദി സര്‍ക്കാറിനുള്ള ശക്തമായ താക്കീതാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. നിയമത്തിന് പൂര്‍ണമായും സ്റ്റേ ലഭിച്ചിട്ടില്ലെങ്കിലും ഹര്‍ജിക്കാര്‍ പ്രധാനമായും ആക്ഷേപം ഉന്നയിക്കുകയും രാജ്യം ഉറ്റുനോക്കുകയും ചെയ്ത വകുപ്പുകളിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കോടതിയില്‍ നിന്ന് സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നതെന്ന് നിസംശയം പറയാനാവും. അന്തിമ വിധി വരുമ്പോള്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നുള്ള സൂചനകളും സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളില്‍ പ്രകടമാണ്. പാര്‍ലമെന്റ് പാസാക്കിയ തെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ സുപ്രീം കോടതിയുടെ തിരുത്തലുകളുണ്ടാകാറുള്ളത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ്. ഈ സാഹചര്യത്തിലാണ് നിയമത്തിലെ പ്രധാനപ്പെട്ട മൂന്നു വകുപ്പുകള്‍ക്ക് സ്റ്റേ ഉണ്ടാവുകയും മറ്റു ചില വകുപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നുള്ള പരാമര്‍ശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് തന്റെ സ്വത്ത് വഖഫ് ആയി സമര്‍പ്പിക്കാന്‍ അയാള്‍ അഞ്ചുവര്‍ഷം ഇസ്ലാം മതം അനുഷ്ഠിക്കുന്നവനാണെന്ന് തെളിയിക്കണമെന്ന വിവാദ വ്യവസ്ഥയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തതില്‍ ഒന്നാമത്തേത്. വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ്റെ സെക്ഷന്‍ (3)(ആര്) സ്റ്റേ ചെയ്തത്. നിയമ വ്യവസ്ഥകള്‍ രൂപീകരിക്കുന്നതുവരെ വഖഫ് ഭേദഗതി നിയമത്തിന്റെ സെക്ഷന്‍ (3)(ആര്) സ്റ്റേ ചെയ്യുന്നു എന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരമൊരു നിയമത്തിന്റെ അഭാവം ഏകപക്ഷീയമായ അധികാര വിനിയോഗത്തിലേക്ക് നയിക്കുമെന്നും കോടതി പറയുകയുണ്ടായി. വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനമായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരുന്ന ഭേദഗതിയായിരുന്നു ഇത്. ഇതിന് സ്റ്റേ ലഭിച്ചതോടെ നിയമനിര്‍മാണത്തിന്റെ മര്മത്തില് തന്നെയാണ് കോടതി കൈവെച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. വഖഫ് സ്വത്തുകളില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കാമെന്നും പ്രാഥമിക പരിശോധനയിലൂടെ തന്നെ ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് നടപടിയെടുക്കാമെന്നുമുള്ളതായി രുന്നു മറ്റൊരു പ്രധാന വകുപ്പ്. ഈ വകുപ്പിലും കോടതി സ്റ്റേ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. കലക്ടര്‍ക്ക് പൗ രന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ വിധി പ്രസ്താ വിക്കാന്‍ അനുവാദമില്ലെന്നാണ് കോടതിയുടെ നിലപാട്. വഖഫ് തര്‍ക്കവിഷയങ്ങളില്‍ ട്രൈബ്യൂണല്‍ വിധി പറയും വരെ മൂന്നാം കക്ഷി അവകാശങ്ങള്‍ നല്കാന് കഴിയില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വഖഫ് സ്ഥാപനങ്ങളില്‍ മുസ്ലിംകളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയിലെ വ്യവസ്ഥയെക്കുറിച്ചുള്ള ഇടക്കാല വിധിയില്‍ പരാമര്‍ശവും ഏറെ ഗൗരവതരമാണ്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്ന് പേരില്‍ കൂടുതലും, കേന്ദ്ര വഖ്ഫ് ബോര്‍ഡില്‍ നാല് പേരില്‍ കൂടുതലും മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പാടില്ലെന്ന് വ്യക്തമാക്കിയതിലൂടെ രണ്ടിടങ്ങളിലും സമുദായ അംഗങ്ങള്‍ക്കുതന്നെ ഭൂരിപക്ഷമുണ്ടാകുന്ന സാഹചര്യം കോടതി ഉറപ്പു വരുത്തിയിരിക്കുകയാണ്. അന്തിമ വിധി വരുന്നതുവരെ ആക്ഷേപങ്ങളുയരുന്ന വസ്തുക്കളുടെ സ്വഭാവം നിലവിലുള്ള സ്ഥിതിയില്‍ തുടരണമെന്നതും സി.ഇ.ഒ നിയമനത്തില്‍ പരമാവധി മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് പരിഗണന നല്‍കണമെന്നതടക്കമുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്. രാജ്യത്തെ കോടാനുകോടിക്കണക്കായ വഖഫ് സ്വത്തുക്കളില്‍ കണ്ണുവെച്ചുള്ളതാണ് മോദി സര്‍ക്കാറിന്റെ വഖഫ്ഭേദഗതി നിയമമെന്ന സമുദായത്തിന്റെ ആശങ്കക്ക് അടിവരയിടുകയാണ് പരമോന്നത നീതിപീഠം ഇന്നലത്തെ ഇടപെടലിലൂടെ ചെയ്തിരിക്കുന്നത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന തീര്‍ത്തും നീതിയുക്തമെന്ന് പറയാവുന്ന ഇടപെടലുകള്‍ മുസ്ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതീക്ഷാ നിര്ഭരമാണ്. ഭരണഘടന അനുവദിച്ച അവകാശങ്ങളെ ഹനിച്ചുകളയാന് ഒരു ശക്തിക്കും സാധ്യമല്ലെന്ന മുന്നറിയിപ്പാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ നിയമത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും ഏതറ്റം വരെയും പോകാനുള്ള ഇച്ഛാശക്തിയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് തുടക്കത്തില്‍ തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാറിന്റെ ഗൂഢലക്ഷ്യങ്ങള്‍ തുറന്നുകാണിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സാധിച്ചപ്പോള്‍ നിയമ പോരാട്ടത്തിലും എല്ലാ പഴതുകളുമടച്ച നീക്കമാണ് പാര്‍ട്ടി നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടവീഥിയില്‍ അതിശക്തമായി മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിധി സമ്മാനിച്ചിരിക്കുന്നത്.


