കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി വരിക്കാരുമായവരെ തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായി നിയമിക്കണമെന്നാണ് സി.പി.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും സി.ഐ.ടി.യു അംഗങ്ങളാണെന്നും ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നും വ്യക്തമാക്കുന്ന കത്താണ് സി.ഐ.ടി.യു കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി എളമരം കരീമിന് നൽകിയത്. ഒരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് വ്യക്തമാക്കി.


