കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടന്നെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കും. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി.
വേടനെതിരെ തുടര്‍ച്ചയായി ഉയരുന്ന ലൈംഗികാതിക്രമ പരാതികളുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വേടന്റെ സഹോദരന് ഹരിദാസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസുകളും ആരോപണങ്ങളും കാരണം കുടുംബത്തിന് ഗുരുതരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യമുണ്ടായതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണസംഘത്തിനുണ്ട് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ വേടന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആരോപണങ്ങള്‍ക്കിടയിലും പത്തനംതിട്ടയിലെ കോന്നിയില്‍ നടന്ന സംഗീതപരിപാടിയില്‍ വേടന് പങ്കെടുത്തു. പരിപാടിക്കിടെ ‘താന്‍ എവിടെയും പോയിട്ടില്ല’ എന്നാണ് വേടന്റെ പ്രതികരണം.


