യു.എസ് തീരുവയില്‍ ഇന്ത്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച് രംഗത്തെത്തി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയിഹോങ്ങ്. യു.എസ് ഇന്ത്യക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തി. ചൈന അതിനെ എതിര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവ്യാപാരത്തിന്റെ ഗുണം മുഴുവന്‍ പിടിച്ചെടുത്ത് തീരുവയെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് യു.എസ് എന്ന് ചൈന വിമര്‍ശിച്ചു.
നിശബ്ദത ഭീഷണിപ്പെടുത്തുന്നവരെ കൂടുതല്‍ ശക്തരാക്കുകയെ ഉള്ളു. ചൈന എപ്പോഴും ഇന്ത്യക്കൊപ്പം നില്ക്കും. ചൈനീസ് വിപണിയിലേക്ക് കൂടുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങളെ സ്വാഗതം ചെയ്യുന്നു. ഇന്ത്യക്ക് ഐ.ടി, സോഫ്റ്റ്വെയര്, ബയോമെഡിസിന് എന്നീ ഉല്പന്നങ്ങളുടെ നിര്‍മാണത്തില്‍ വലിയ പുരോഗതിയുണ്ട്. ചൈനക്ക് ഇലക്ട്രോണിക് നിര്‍മാണം, ഇന്‍ഫ്രാസ്ട്രെക്ചര്‍ നിര്‍മാണം എന്നിവയിലെല്ലാം മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ-ചൈന മാര്‍ക്കറ്റുകള്‍ ഒന്നിച്ചാല്‍ അത് വലിയ പുരോഗതിയുണ്ടാക്കാന്‍ കഴിയും.- ചൈനീസ് അംബാസിഡര്‍ പറഞ്ഞു.
ചൈനയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അത്തരമൊരു പരിഗണന ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയും നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ചൈനീസ് അംബാസിഡര്‍ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങിയതിന് 25 ശതമാനം തീരുവയും ഉള്‍പ്പടെ ഇന്ത്യക്കുമേല്‍ യു.എസ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു.


