കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വികാരഭരിതമായ നിമിഷത്തിന് അരങ്ങൊരുങ്ങുകയാണ് അര്‍ജന്റീന. സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികള്‍ക്കിടെ ഫുട്ബോളിലൂടെ രാജ്യത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ‘മിഷിഹ’ തന്റെ ദൗത്യം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്കാരോട് വിടപറയാന്‍ ഒരുങ്ങുമ്പോള്‍, രാജ്യം മുഴുവനും കണ്ണീരോടെ നന്ദി പറയുകയാണ്.
2026 ലോകകപ്പിലേക്ക് യാത്ര തുടരുന്നുവെങ്കിലും, അര്‍ജന്റീന മണ്ണില്‍ ലയണല്‍ മെസ്സിയുടെ അവസാന ഔദ്യോഗിക മത്സരം അടുത്തെത്തി. സെപ്റ്റംബര്‍ 4-ന് വെനിസ്വേലയെ നേരിടുന്ന ലോകകപ്പ് യോഗ്യതാ മത്സരം തന്നെയാണ് അര്‍ജന്റീനയില്‍ മെസ്സിയെ കാണാനുള്ള അവസാന ഔദ്യോഗിക അവസരം.
ലോകകപ്പ് വരെ മെസ്സി ടീമിനൊപ്പം തുടരുമെന്നുറപ്പാണ്. എന്നാല്‍, യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം അടുത്ത ഔദ്യോഗിക മത്സരം 2026 മാര്‍ച്ചിലാണ്. അതിനുമുമ്പ് സൗഹൃദ മത്സരങ്ങള്‍ നടക്കുമെങ്കിലും, അവ ഔദ്യോഗിക വേദികളല്ല.
ബ്യൂണസ് അയേഴ്സിലെ മോണുമെന്റല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീനയും വെനിസ്വേലയും ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ 9-ന് എക്വഡോറിനെതിരായ മത്സരത്തിനുശേഷം, അടുത്ത ഔദ്യോഗിക പോരാട്ടം യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിനെതിരായ ‘ഫൈനലിസിമ’ ആയിരിക്കും അത് ഒരു നിഷ്പക്ഷ വേദിയില്‍. പിന്നെ, അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി ലോകകപ്പും.
അതിനാല്‍ വെനിസ്വേലയെതിരായ മത്സരം വെറും യോഗ്യതാ റൗണ്ട് മാത്രമല്ല; അര്‍ജന്റീനക്കാര്‍ക്ക് അവരുടെ ഇതിഹാസനായകനോട് ഹൃദയത്തോടു ചേര്‍ന്ന് ‘താങ്ക് യൂ’ പറയാനുള്ള വേള കൂടിയാണ് അത്.
2022 ലോകകപ്പ് ട്രോഫിയും, രണ്ട് കോപ അമേരിക്ക കിരീടങ്ങളും ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ രാജ്യത്തെയും ഫുട്ബോളിനെയും പുനരുജ്ജീവിപ്പിച്ച താരത്തിന്, രാജ്യം മുഴുവനും കടപ്പാടോടെ നന്ദി അറിയിക്കുകയാണ്.
നിലവില്‍, ലോകകപ്പ് തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 18ല്‍ 16 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, 11 ജയം, 3 തോല്‍വി, 2 സമനിലആകെ 35 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.


