കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ മൂന്നു ദിവസം വരെ ചുരത്തില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. വ്യൂ പോയിന്റില്‍ ജനക്കൂട്ടം ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഓണകാല തിരക്ക് കണക്കിലെടുത്താണ് നടപടി.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന് നേരത്തെ വ്യക്തമാക്കിയിരുന്നു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് രൂപത്തില്‍ പൊട്ടലുണ്ടായതിനാല്‍ സോയില്‍ പൈപ്പിങ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, ഭാരം കൂടിയ വാഹനങ്ങള്‍ക്ക് യാത്ര അനുവദിക്കുന്നത് ഇപ്പോള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ താഴത്തെ ഭാഗത്ത് വിള്ളലുകള്‍ ഉണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് , വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.


