തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്കിയാല് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.
നിയമസഭ ബില്ലിന് അംഗീകാരം നല്കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.
അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് മറുപടി നല്കി.


