വെള്ളിയാഴ്ച ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ പ്രസംഗത്തിനായി രംഗത്തെത്തിയതോടെ യുഎന്‍ ജനറല്‍ അസംബ്ലി ഹാളിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഇറങ്ങിപ്പോയി. നെതന്യാഹു പ്രസംഗം ആരംഭിക്കാനൊരുങ്ങിയപ്പോള് തന്നെ പ്രതിനിധികള്‍ കൂക്കിവിളിച്ച് കസേരയില്‍ നിന്നെഴുന്നേറ്റ് ഹാളിന് പുറത്തേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം.
കഴിഞ്ഞവര്‍ഷവും ജനറല്‍ അസംബ്ലിയില്‍ നെതന്യാഹു സംസാരിക്കുന്നതിനിടെ സമാന രീതിയില്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍, ഫ്രാന്‍സ് ഒഴിവാക്കിയാണ് നെതന്യാഹുവിന്റെ വിമാനം ന്യൂയോര്‍ക്കിലെത്തിയത്.
അറബ്, മുസ്ലിം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി.
അതേസമയം ഗസ്സയിലെ ആക്രമണങ്ങളെ യുഎന്നില്‍ നെതന്യാഹു ന്യായീകരിച്ചു. ഹമാസിന്റെ ഭീഷണി അവസാനിക്കും വരെ യുദ്ധം തുടരും, ഇറാന് ഭീഷണിയാണെന്നും വരും വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റ് പൂര്‍ണമായും പുതിയ രൂപത്തിലാകുമെന്നും നെതന്യാഹു പറഞ്ഞു.
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയിലെ ജനങ്ങളെ ഇസ്രാഈല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു.


