നെന്മാറ ഇരട്ടകൊലക്കേസിലെ പ്രതി ചെന്താമരയെ റിമാന്‍ഡില്‍. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ്. ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് പ്രതി ചെന്താമര കോടതിയില്‍ ആവശ്യപ്പെട്ടു.
എല്ലാ തെറ്റുകളും ചെയ്തത് ഒറ്റക്കാണെന്നും പ്രതി പറഞ്ഞു. മകളുടെയും മരുമകന്റെയും മുന്നിലേക്ക വരാന്‍ കഴിയില്ലെന്നും നൂറുവര്‍ഷം തന്നെ ശിക്ഷിക്കൂവെന്നും പ്രതി കോടതിയില്‍ പറഞ്ഞു.
രാത്രി നെന്മാറ മാട്ടായിയില്‍ കൂട്ടതിരച്ചില്‍ നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു. ജനുവരി 27നാണ് നെന്മാറയില് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി ചെന്താമര അയല്‍വാസികളായ സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. സ്കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു പ്രതി ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ, മീനാക്ഷിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പ് ജാമ്യത്തിലിറങ്ങുകയായിരുന്നു.
ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.
പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും എസ്പി പറഞ്ഞു. പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊടുവാള് വാങ്ങിയതായും പറയുന്നു. പ്രതി പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും പ്രതിയില്‍ നിന്നും അയല്‍വാസികള്‍ക്ക് തുടര്‍ച്ചയായി വധഭീഷണിയുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കിയിരുന്നു.
36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി ചെന്താമരയെ പിടികൂടിയത്. ചെന്താമരയുടെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആലത്തൂര്‍ ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു.


