കോഴിക്കോട് : ലഹരിക്കെതിരെ ജനമനസ്സുകളെ ഉണര്‍ത്താന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന വണ്‍ മില്യണ്‍ ഷൂട്ടും ലഹരി വിരുദ്ധ പ്രതിജ്ഞയും നാളെ. ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ജനുവരി 30ന് വ്യാഴാഴ്ച) വൈകീട്ട് 4 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍, വിവിധ യുവജന നേതാക്കള്‍, കായിക മേഖലയിലെയും സാമൂഹ്യ-സാംസ്കാരിക മേഖലയിലെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ശക്തമായ ബോധവല്‍ക്കരണം നടത്തി ലഹരി മാഫിയക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് തലങ്ങളില്‍ ആണ് ബോധവത്കരണ പരിപാടി നടത്തുന്നത്.
രാജ്യത്തിന്റെ പ്രതീക്ഷയായ പുതു തലമുറയെ ലഹരിയില്‍ നിന്നും സംരക്ഷിക്കാന്‍ നിരന്തരമായ ബോധവല്‍ക്കരണം അനിവാര്യമാണ്. സൈ്വര്യ സമൂഹത്തെ തകര്‍ക്കുന്ന ഈ വിപത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണം. ഇതിനായുള്ള പ്രചരണമായാണ് വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞ പരിപാടിയും യൂത്ത് ലീഗ് ആസൂത്രണം ചെയ്യുന്നത്. മുഴുവന്‍ മനുഷ്യ സ്നേഹികളും ഇതില്‍ ഭാഗവാക്കാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭ്യര്‍ത്ഥിച്ചു.


