കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന് ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ജിസിന് അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാന്‍ നല്കിയ അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. 2.6 ഗ്രാം എംഡിഎംഎയും, 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.


