ഉത്തര്‍ പ്രദേശില്‍ മതപരിവര്‍ത്തന പരാതിയെ തുടര്‍ന്ന് രണ്ട് മലയാളി ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശികളായ പാപ്പച്ചന്-ഷീജ ദമ്പതികള്‍ക്ക് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതിയാണ് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചത്.
2023ല്‍ ബിജെപി നേതാവും ദല്ത് നേതാവുമായ ചന്ദ്രിക പ്രസാദ് മതപരിവര്‍ത്തനം ആരോപിച്ച് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് പരാതി. മതപരിവര്‍ത്തന നിയമത്തില്‍ യുപിയില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും. സംഭവത്തില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനം കൂടാതെ, 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ ആക്ട് പ്രകാരവും ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ അപ്പീലിനായി നിയമസഹായം നല്‍കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അറിയിച്ചു.
അംബേദ്കര്‍ നഗറിലെ ഷാഹ്പുര്‍ ഫിറോസ് ഗ്രാമത്തിലെ ദലിത് വിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് കൂട്ടമായി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെനിനും ഇതിനായി മതപരമായ പുസ്തകങ്ങള്‍ വിതരണം ചെയ്തതിന് തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി. മധ്യപ്രദേശില്‍ താമസിക്കുന്ന പാപ്പച്ചനും ഷീജയും എന്തിനുവേണ്ടിയാണ് സംഭവസ്ഥലം സന്ദര്‍ശിച്ചതെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉത്തരവിലുണ്ട്.


