കൊച്ചി: വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പശ്ചിമഘട്ട മേഖലയിലെ വനത്തോട് ചേര്‍ന്ന് കഴിയുന്ന മലയോര ജനത ഭീതിയിലാണ്, അവരെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
യു.ഡി.എഫ് യാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന നിയമം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഏഴ് വര്‍ഷത്തിനിടെ 6000തോളം വന്യജീവി ആക്രമണങ്ങളും അതില്‍ ആയിരത്തോളം പേര് കൊല്ലപ്പെടുകയും ചെയ്തു. 8000തോളം ആളുകള്‍ക്ക് ഗുരുതര പരിക്കുപറ്റി. 5000ലധികം കന്നുകാലികളെ കൊന്നൊടുക്കി. പതിനായിരത്തിലധികം ഹെക്ടര്‍ കൃഷി നശിപ്പിച്ചു. മലയോര ജനത ഭീതിയിലാണെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
കേരളത്തില്‍ 29 ശതമാനത്തില്‍ അധികം വനമേഥലയാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. വനം സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ റിസര്‍വ് വനമായി വിജ്ഞാപനം ഇറക്കുകയാണ്. ജനങ്ങളെ വീണ്ടും പ്രയാസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. മലയോര ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, കൂടുതല്‍ ആശയവിനിമയം നടത്തി നടത്തുന്ന യാത്ര അവസാനിപ്പിക്കുമ്പോള്‍ ശക്തമായ നിര്‍ദേശങ്ങള്‍ തയാറാക്കും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മലയോര കര്‍ഷകര്‍ക്ക് വാക്ക് നല്‍കുന്നുവെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന മലയോര സമരയാത്ര ഇന്ന് കണ്ണൂരിലെ കരുവഞ്ചാലില്‍ തുടങ്ങും. മലയോര സമരയാത്ര ഇരിക്കൂരിലെ കരുവഞ്ചാലില്‍ നിന്നും ആരംഭിച്ച് ഫെബ്രുവരി 5ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.


