ഇടുക്കി തൊടുപുഴയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഈസ്റ്റ് കലൂര്‍ സ്വദേശി സിബി ഭാസ്കരന്റെ മാരുതി 800 കാര്‍ ആണ് കത്തി നശിച്ചത്. എന്നാല്‍ കാറിലുണ്ടായിരുന്ന വ്യക്തി സിബി തന്നെയാണൊയെന്ന് സ്ഥിരീകരിച്ചിട്ടില്ല. തൊടുപുഴ പെരുമാങ്കണ്ടത്ത് വെച്ചായിരുന്നു അപകടം.
പ്രധാന റോഡിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തുനിന്നാണ് കാര്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാറിന് സമീപങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. കാറിലുണ്ടായിരുന്നത് സിബി തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി സിബി കടയിലേക്ക് പോയെന്നാണ് ബന്ധുക്കള്‍ നല്കിയ മൊഴി.
എന്നാല്‍ അപകടത്തിലേക്ക് നയിച്ചതെന്താണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വാഹനത്തിന് തീ പിടിച്ചപ്പോള്‍ പറമ്പിലേക്ക് ഓടിച്ച് കയറ്റിയതാകാമെന്ന് പ്രാഥമിക നിഗമനം.


