മലപ്പുറം: കേരള യൂണിവേഴ്സിറ്റി ലോ അമന്‍മെന്റ് ബില്ലിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഡാലോചനയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കോ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് നിലവാരത്തിനോ ഗുണകരമല്ലാത്ത ബില്ല് യൂണിവേഴ്സിറ്റിയെ പാര്‍ട്ടിക്കാര്‍ക്ക് കയറി നിരങ്ങാനുള്ള ഇടമാക്കി മാറ്റാനേ ഉപകരിക്കൂവെന്നും ബില്ലിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.
രാഷ്ട്രീയ കൈകടത്തല്‍ നടത്താന്‍ വേണ്ടിമാത്രമാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ യു.ജി.സിയില്‍ ചെയ്യുന്നത് പോലെ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ യൂണിവേഴ്സിറ്റി ബില്ലിലൂടെ നടപ്പിലാക്കുന്നത്. മുന്‍കാലങ്ങളിലെ സര്‍ക്കാറുകളും വിദ്യാഭ്യാസ മന്ത്രിമാരൊന്നും തന്നെ ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് സിപിഎം സര്‍ക്കാര്‍ ചെയ്യുന്നതെന്നും നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈസ് ചാന്‍സിലറെ അടക്കം നോക്കുകുത്തിയാക്കി എല്ലാം മന്ത്രി ഓഫീസ് തീരുമാനിക്കുന്ന രീതിയിലേക്ക് യൂണിവേഴ്സിറ്റി ഭരണം പോകുന്നത് വലിയ അപകടത്തിലേക്കാണ് ചെന്നെത്തിക്കുക. യൂണിവേഴ്സിറ്റിയുടെ സ്വാതന്ത്ര്യത്തേയും അക്കാദമിക് നിലവാരത്തേയും ദോശമായി ബാധിക്കും. വൈസ് ചാന്സിലരെ നോക്കുകുത്തിയാക്കി എല്ലാ അധികാരവും മന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പുതിയ നിയമം.
കേരളത്തിലെ ഭരണമുന്നണിക്ക് സ്വാതന്ത്ര്യമായി ഇടപെടാന്‍ കഴിയുന്ന തരത്തിലേക്ക് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത് ഈ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കും. ഓരോ സര്‍ക്കാറുകളും അവരുടെ താല്പര്യങ്ങള് യൂണിവേഴ്സിറ്റിയില്‍ അടിച്ചേര്പ്പിച്ചാല് എന്തായിരിക്കും സ്ഥിതി എന്ന് ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ അമിതാധികാര പ്രയോഗങ്ങള്‍ സര്‍വകലാശാലകളില്‍ ഒരു കാരണവശാലും ഉണ്ടാവരുത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിനെ എതിര്‍ത്ത് രംഗത്തുവരണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. യു.ജി.സി അമന്‍മെന്റ് ബില്ല് കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി എന്താണോ ആഗ്രഹിച്ചത് അതേ രാഷ്ട്രീയ താല്പര്യമാണ് കേരളത്തില്‍ ഈ ബി്ല്ലിലൂടെ സി.പി.എം നടപ്പിലാക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ പ്രോ ചാന്‍സിലറായി ഇരിക്കുന്ന സമയത്ത് കൊണ്ടുവന്ന ബില്ലില്‍ പ്രോ ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്തുകയും അക്കാദമിഷ്യന്മാരുടെ അധികാരം വിപുലപ്പെടുത്തുകയുമാണ് ഉണ്ടായത്. എന്നാല്‍ പ്രോ ചാന്‍സിലറായ മന്ത്രിക്ക് യൂണിവേഴ്സിറ്റിയുടെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള നിയമ ഭേദഗതിയാണ് പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. യൂണിവേഴ്സിറ്റിയിലെ ഏത് ഫയലും മന്ത്രിക്ക് കൈകര്യം ചെയ്യാം എന്ന സ്ഥിതി വരുന്നത് ഏറെ അപകടം നിറഞ്ഞതാണ്.
പരീക്ഷ സമയം, പേപ്പര്‍ മൂല്യനിര്‍ണയം തുടങ്ങി ഏറെ രഹസ്യ സ്വഭാവമുള്ള പല നടപടിക്രമങ്ങളും മന്ത്രിയുടെ ഓഫീസിലെത്തുന്നത് യൂണിവേഴ്സിറ്റിയുടെ വിശ്വാസ്യതയെ പോലും തകര്‍ക്കുന്നതാണ്. വകുപ്പുതല നടപടികളടക്കം മന്ത്രി തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകും. വി.സി മുതല്‍ താഴെ തട്ടിലുള്ള ഓഫീസുകളില്‍ വരെ മന്ത്രിക്കോ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയും. വി.സിയുടെ അധികാരങ്ങളെല്ലാം എടുത്തുകളയുന്നതുകൂടിയാണ് പുതിയ നിയമം. പി.വി.സിയെ നിയമിക്കാന്‍ നിലവിലെ മാനദണ്ഡം പ്രൊഫസര്‍/പ്രിന്‍സിപ്പള്‍ എന്നതാണ്. എ്ന്നാല്‍ പത്തുവര്‍ഷം മുന്‍പരിചയമുള്ള ആര്‍ക്കും പി.വി.സിയാകാം എന്നതാണ് പുതിയ ബില്ലിലുള്ളത്. വി.സിയുടെ നിയമന മാനദണ്ഡം കുറച്ചുവെന്ന് കേന്ദ്രത്തിനെതിരെ പരാതി പറയുന്ന ഇടതുപക്ഷം പി.വി.സിയുടെയും നിയമന മാനദണ്ഡവും കുറച്ചു. യൂണിവേഴ്സിറ്റി ഭരണത്തില്‍ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി അമിതമായി ഇടപെടുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ഉണരണമെന്നും പി.കെ നവാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ്ുമാരായ ഷറഫുദ്ധീന്‍ പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവരും പങ്കെടുത്തു.


