കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തി. ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരകായുധം കണ്ടെത്തിയത്. പ്രതികൾ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ ആക്രമിച്ച ദൃശ്യങ്ങളും പുറത്തുവന്നു. അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
പ്രതികളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തു. കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ തലയോട്ടി തകർന്നിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. നഞ്ചക്ക് ആയിരിക്കാം ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് പേരുടെ വീടുകളിലാണ് ഒരേ സമയം പരിശോധന നടന്നത്. ഒന്നാം പ്രതിയുടെ വീട്ടിൽ 11 മണിയോടെ അന്വേഷണസംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് ഷഹബാസിൻ്റെ തലച്ചോറ് തകർക്കാൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തിയത്. മറ്റിടങ്ങളിൽ നിന്നും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തി സൈൻ്റിഫിക് പരിശോധനക്ക് അയച്ചു. കൂടുതൽ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.


