മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ സങ്കര്‍ഷന്‍ ഠാക്കൂര്‍ (63) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ആഴമുള്ള രാഷ്ട്രീയ വിശകലനത്തിനും ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗിനും പേരുകേട്ട അദ്ദേഹം സമകാലിക മാധ്യമലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.
ബിഹാര്‍ രാഷ്ട്രീയത്തെക്കുറിച്ച് വ്യാപകമായി എഴുതിയ ഠാക്കൂര്‍ മേക്കിംഗ് ഓഫ് ലാലു യാദവ്, ദി അണ്‍മേക്കിംഗ് ഓഫ് ബിഹാര്‍, സിംഗിള്‍ മാന്‍: ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് നിതീഷ് കുമാര്‍ ഓഫ് ബിഹാര്‍, ദി ബ്രദേഴ്സ് ബിഹാരി തുടങ്ങി ശ്രദ്ധേയമായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സബാള്‍ട്ടേണ്‍ സാഹേബ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയജീവചരിത്രങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.
പട്നയിലെ സെന്റ് സേവ്യര്‍സ് ഹൈസ്കൂളില്‍ നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹം ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടി. തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തിലേക്ക് കടന്ന അദ്ദേഹം ആനന്ദബസാര്‍ പത്രികയുടെ സണ്‍ഡേ മാസികയിലാണ് കരിയര്‍ ആരംഭിച്ചത്. ബിഹാറിലും കശ്മീരിലും നടത്തിയ റിപ്പോര്‍ട്ടിംഗിലൂടെ അദ്ദേഹം ദേശീയ മാധ്യമലോകത്ത് ശ്രദ്ധ നേടി.
ദി ടെലിഗ്രാഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് നാഷണല്‍ അഫയേഴ്സ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ദി ഇന്ത്യന്‍ എക്സ്പ്രസ്, തെഹല്‍ക്ക എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഭോപ്പാല്‍ വാതക ദുരന്തം, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം, ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം തുടങ്ങി നിരവധി നിര്‍ണായക സംഭവങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


