അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും വീസ ദുരുപയോഗവും അനുവദിക്കില്ലെന്ന് എംബസി വ്യക്തമാക്കി.
വിദ്യാർഥിയെ അധികാരികൾ കൈകൾ വിലങ്ങിട്ട് തറയിൽ പിടിച്ചുവെക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയിൻ പങ്കുവെച്ച വിഡിയോയിൽ യുഎസ് അധികാരികൾ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാൽമുട്ടുകൾ വിദ്യാർഥിയുടെ പുറകിൽ വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നു. അവർ വിദ്യാർഥിയുടെ കാലുകളും കൈകളും കെട്ടിയിട്ടിരുന്നു.
ഡോണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ വന്നതിനെ പിന്നാലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടിയാണ് സ്വീകരിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ മടക്കി അയച്ചിരുന്നു. നടപടിയുടെ ഭാഗമായി 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു.


