കൊച്ചി: വലിയ ഉയര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം പവന് 87,440 രൂപയായിരുന്ന സ്വര്‍ണം ഇന്ന് 400 രൂപ കുറഞ്ഞ് 87,040 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയാണ് നിലവിലെ നിരക്ക്.
ചൊവ്വാഴ്ച 86,120 രൂപയായിരുന്ന പവന് വില ബുധനാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും ഉയര്‍ന്നിരുന്നു. ഇന്ന് 88,000 രൂപ കടക്കും എന്ന പ്രവചനങ്ങള്‍ക്കിടയില്‍ വില താഴോട്ടുപോകുകയായിരുന്നു. ആഗോള വിപണിയിലും ഇതേ പ്രവണതയാണ്. 3,865.08 ന് ക്ലോസ് ചെയ്ത സ്വര്‍ണവില ഇന്ന് 3,863.33 ലാണ് തുറന്നത്.
അതേസമയം, അമേരിക്കയില്‍ ധനബില്‍ സെനറ്റില്‍ വീണ്ടും പാസാകാതെ വന്നതോടെ ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യു.എസ്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുമെന്ന് സൂചന. ധനബില്‍ പാസാകാന്‍ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നുവെങ്കിലും രണ്ടുപേര്‍ മാത്രമാണ് അനുകൂലിച്ചത്.
സര്‍ക്കാര്‍ അടച്ചുപൂട്ടിയാല്‍ അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിലക്കും. ബൈഡന് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഡെമോക്രാറ്റുകള്‍ ധനബില്ലിനെ എതിര്‍ത്തത്.


