എസ്ഐആര്‍നെതിരെ വിമര്‍ശനവുമായി സുപ്രിംകോടതി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്. സിഎഎക്കും എന്‍ആര്‍സിക്കും പകരമായി കൊണ്ടുവന്നതാണ് എസ്ഐആര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നതെന്തിനാണെന്നും സിഎഎ വഴി ലക്ഷ്യം വെച്ചത് എസ്ഐആര്‍ വഴി നടപ്പിലാക്കുകയാണെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. ബിഹാറില്‍ ഒരു മണ്ഡലത്തില്‍ മാത്രം 80,000 മുസ്ലിം വോട്ടുകള്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിഎം മെഷീനില്‍ കൃത്രിമത്വം നടത്താന്‍ സാധിക്കും. തെരഞ്ഞെടുപ്പിന് വേണ്ടി ആറാഴ്ച ചെലവഴിക്കുന്നുണ്ട്. ഒരു നാല് മണിക്കൂര്‍ കൂടെയെടുത്ത് വിവിപാറ്റ് സ്ലിപ് കൂടെ എണ്ണിയാല്‍ എന്താണ് കുഴപ്പം. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കുന്നതിലും എത്രയോ മടങ്ങാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്നത്. കമ്മീഷന് എന്തുകൊണ്ട് ഇത് കണ്ടെത്താനാകുന്നില്ല. യാതൊരു സുതാര്യതയുമില്ലാതെയാണ് ഇലക്ട്രിക് വോട്ടിങ് മെഷീനിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത്, കമ്മീഷന് ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.


