മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വിടചൊല്ലി കേരളം. എസ്.യു.ടി ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് 7.15-ഓടെ വിഎസിന്റെ മൃതദേഹം ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഒന്‍പതുമണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ 22 മുതല്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതുഅവധിയും പ്രഖ്യാപിച്ചു. എല്ലാസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും. ചൊവ്വാഴ്ച പിഎസ്സി നിശ്ചയിച്ച എല്ലാ പരീക്ഷകളും അഭിമുഖവും പ്രമാണപരിശോധനയും നിയമനപരിശോധനയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


