കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിനു പിന്നില്‍ സാത്താന് സേവയെന്ന് പാരാസൈക്കോളജിസ്റ്റ് ഡോ. വി ജോര്‍ജ് മാത്യു. സാത്താനെ പ്രീതിപ്പെടുത്താനാണ് പ്രജിന് ജോസിനെ കൊലപ്പെടുത്തിയതെന്നും പ്രജിന്റെ മുറിയില്‍ കണ്ടത് ബ്ലാക്ക് മാജിക്കിന്റെ വസ്തുക്കള്‍ അല്ലെന്നും ജോര്‍ജ് മാത്യു പറഞ്ഞു.
പ്രജിന്റെ മുറിയല്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ സൂചിപ്പിക്കുന്നത് സാത്താന് സേവയാണെന്നും വരച്ച ചിത്രങ്ങളും രൂപങ്ങളും സാത്താന് സേവയെന്നതാണ് തെളിയിക്കുന്നതെന്നും ജോര്‍ജ് മാത്യു പറഞ്ഞു. സിനിമാ പഠനത്തിനായി കൊച്ചിയിലെത്തിയപ്പോള്‍ ലഭിച്ച ബന്ധങ്ങളാവാം ഇതിനു പിന്നിലെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി അഞ്ചിനാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകന് പ്രജിന് (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് പ്രജിന് ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. പിന്നീട് സിനിമാ പഠനത്തിനു വേണ്ടി പ്രജിന് കൊച്ചിയിലെത്തിയത്. കൊച്ചിയില്‍നിന്നും തിരികെ വന്നശേഷം മകനില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നാണ് അമ്മ പറഞ്ഞിരുന്നു.
2014ലാണ് പ്രജിന് മെഡിക്കല്‍ പഠനത്തിനായി ചൈനയിലെത്തുന്നത്. കൊച്ചിയിലെ ഒരു ഏജന്‍സി വഴി ചൈനയില്‍ പോയെങ്കിലും കൊവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രജിന് നാട്ടിലെത്തി. അവസാന വര്‍ഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജന്‍സി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താല്‍ പ്രജിന് പരീക്ഷയെഴുതാനും സാധിച്ചില്ല. ഏജന്‍സിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രജിന് പരാതിയും നല്‍കിയിരുന്നു.
കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നും മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ ഇരുവരെയും വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മര്‍ദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് ഉയര്‍ത്തി നിര്‍ത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിന് നിരന്തരം ഉപദ്രവിച്ചുവെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു.


