പനമരം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗിന്റെ പ്രതിനിധി ലക്ഷ്മിക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.എൻ പ്രഭാകരൻ നടത്തിയ വംശീയ അധിക്ഷേപ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാലങ്ങളായി സി.പി.എം തുടരുന്ന വർഗീയ പ്രചാരണത്തിന്റെ തുടർച്ചയാണിതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ മുസ്ലിംലീഗിനെ അഭിനന്ദിക്കുന്നതിന് പകരം അതിനെ വർഗീയമായി കണ്ട് മുസ്ലിംകൾക്കിടയിൽ ചേരിതിരിവുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഈ വർഗീയ പ്രചാരണത്തെ പാർട്ടി ശക്തമായി ചെറുക്കും. ഇത്തരം പ്രവണത തുടരുന്ന സി.പി.എം നേതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആ പാർട്ടി തയ്യാറാകണം.
മുസ്ലിംലീഗിന്റെ ഏറ്റവും അഭിനന്ദനാർഹമായ ഒരു തീരുമാനത്തെയാണ് കുടുസ്സായ ചിന്തയോടെ രാഷ്ട്രീയ നേട്ടത്തിനായി പുരോഗമന പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സി.പി.എം ഉപയോഗിക്കുന്നത്. ഈ വംശീയ അധിക്ഷേപത്തെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടും. കുറച്ച് കാലമായി സി.പി.എം നാട്ടിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇത്. മതേതര കേരളത്തോടുള്ള വെല്ലുവിളിയാണെന്നും കേരളം ഒറ്റക്കെട്ടായി ഈ വംശീയ അധിക്ഷേപത്തിനെതിരെ രംഗത്ത് വരണമെന്നും പി.എം.എ സലാം പറഞ്ഞു.


