മുഖ്യമന്ത്രി പിണറായി വിജയന് വഞ്ചകനെന്ന് പി വി അന്‍വര്‍. പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയാണെന്നും അന്‍വര്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് പിണറായിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനമെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
‘ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെയും പിണറായി വഞ്ചിച്ചെന്നും അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. അതേസമയം മുനമ്പം വിഷയത്തില്‍ വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെയും വഞ്ചിച്ചെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തുകാര്‍ കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെയും പിണറായി വിജയന് വഞ്ചിച്ചെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
വ്യാപാരികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയില്ലെന്നും അധിക നികുതി ചുമത്തി വ്യാപാരികളെ ബുദ്ധിമുട്ടിച്ചെന്നും അന്‍വര്‍ വിശദീകരിച്ചു. പ്രവാസികളെ കേരളത്തിലേക്കെത്തിച്ച് പിന്നീടവരെ തിരിഞ്ഞു നോക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അന്‍വര്‍ പറഞ്ഞു.
കര്‍ഷകരോടും മുഖ്യമന്ത്രി കൊടും വഞ്ചന ചെയ്തെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് നിലമ്പൂരിലാണെന്നും അന്‍വര്‍ പറഞ്ഞു. വഞ്ചകനായ പിണറായിക്ക് നിലമ്പൂരിലെ ജനങ്ങള്‍ മറുപടി പറയുമെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
25ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിയമന നിരോധനമാണെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.


