ചികിത്സാപിഴവ് വരുത്തിയ സംഭവത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഡോക്ടര്‍ക്ക് സസ്പെന്ഷന്. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്കി.
ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്കാണ് കുത്തിവെപ്പ് മാറിയത്. കാഴ്ചക്ക് മങ്ങലുണ്ടായപ്പോള്‍ ചികിത്സക്കെത്തിയതായിരുന്നു ഇവര്‍. ഇവര്‍ ഒരുമാസമായി ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി നല്കുന്ന കുത്തിവെപ്പാണ് കണ്ണ് മാറി ഡോക്ടര്‍ നല്‍കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ഗുരുതരമായ പ്രശ്നമില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.


