ന്യൂഡല്‍ഹി: ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ ഗുരുതര പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വവിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്സ്വാളാണ് മുന്നറിയിപ്പ് നല്‍കിയത്. റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ ശ്രമിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അത് അപകടകരമായിരിക്കുമെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി
ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. ഡല്‍ഹിയിലും മോസ്കോയിലുമുള്ള റഷ്യന്‍ അധികാരികളുമായി വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തില്‍ ചേര്‍ന്നവരുടെ കുടുംബാംഗങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, റഷ്യയുടെ ഈ ഓഫറില്‍ നിന്നും അകലെയിരിക്കാന് ഇന്ത്യക്കാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കുന്നുണ്ടെന്നും ജയ്സ്വാള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ യുക്രെയ്നിലെ ഡോണ്ടെസ്കില് കുടുങ്ങിയ രണ്ട് ഇന്ത്യക്കാരുടെ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. ഇതിനു മുമ്പും ഇന്ത്യക്കാര്‍ റഷ്യന്‍ സൈനിക യൂണിറ്റുകളില്‍ ജോലി ചെയ്യുന്നതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോട് വിഷയമുയര്‍ത്തിയിരുന്നു.
തൊഴില്‍ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പിന് ഇരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്ക് എത്തിക്കപ്പെട്ട ഇന്ത്യക്കാരില്‍, മലയാളികളടക്കം 12 പേര് കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം ജനുവരിയില്‍ അറിയുച്ചിരുന്നു.


