ന്യൂഡല്‍ഹി: നടി ഐശ്വര്യ റായിയുടെ പേര്, ചിത്രം, വ്യക്തിത്വസവിശേഷതകള്‍ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകള്‍ ദുരുപയോഗം ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്നതാണ് കോടതി നിലപാട്.
ഡീപ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ അശ്ലീല ദൃശ്യങ്ങള്‍ സൃഷ്ടിക്കുകയും, നടിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.
നടിയുടെ ഹര്‍ജിയില്‍ പരാമര്‍ശിച്ച ലിങ്കുകള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഗൂഗിളിന് നിര്‍ദ്ദേശം നല്കി. അനുമതിയില്ലാതെ ഒരാളുടെ പേര്, ചിത്രം, സാദൃശ്യം മുതലായവ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് വ്യക്തിക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാനും നിയമപരമായ സംരക്ഷണം തേടാനും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും സമാനമായ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ പേരും ചിത്രവും അനധികൃതമായി ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും തടയണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.


