നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ച് ബിലാസ്പുര്‍ എന്‍ഐഎ കോടതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന് ഖുറേഷിയാണ് വിധി പറഞ്ഞത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും.
ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് രംഗത്തെത്തിയിരുന്നെങ്കിലും കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. നേരത്തെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതിയും ഛത്തീസ്ഗഢ് സര്‍ക്കാറും തള്ളിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും ജാമ്യത്തിനായി ഇടപെടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയിരുന്നു.
തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളുമായി പോകുന്നതിനിടെയാണ് അറസ്റ്റ്.


