കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്. സംഭവത്തില്‍ ഗൂഢാലോചന അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ നല്കിയ ഹരജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
ദുരന്തം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ’12 മണിക്ക് വിജയ് കരൂറില്‍ എത്തുമെന്നാണ് തമിഴക വെട്രി കഴകം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 10 വരെയായിരുന്നു പരിപാടിക്ക് അനുമതി തേടിയിരുന്നത്. രാവിലെ 11 മണി മുതല്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. 12 മണിക്ക് വരുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് രാത്രി 7.40നാണ്. അതുവരെ, പൊരിവെയിലത്ത് നിന്ന ആളുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല’- ഡിജിപി പറഞ്ഞു.
വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയില്‍ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വിജയക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ശനിയാഴ്ച രാത്രിയാണ് കരൂറിലെ വേലുസ്വാമിപുരത്ത് രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തമുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കം 27,000 പേരായിരുന്നു ഒത്തുകൂടിയിരുന്നത്. ടിവികെ പ്രചാരണറാലിയിലേക്ക് വിജയ് ഏറെ വൈകിയെത്തിയതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് ഡിജിപി ജി. വെങ്കിട്ടരാമന് ആരോപിക്കുന്നു.


