തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന് കടവില്‍ നിന്നാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്ലിന് ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് ക്രൂരമായി മര്‍ദിച്ചത്.


