തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്കിയപ്പോള് പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന് പറഞ്ഞു.


