യുഎസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് പ്രതികരണവുമായി ഹമാസ്. ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പിലാക്കണം, മുനമ്പില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങണം, ജനങ്ങള്‍ക്ക് സഹായമെത്തിക്കണം എന്നിങ്ങനെയാണ് മറുപടിയില്‍ ഹമാസ് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്.
ഹമാസ് തടവിലാക്കിയ 10 ഇസ്രാഈലി ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും വിവിധ സമയങ്ങളിലായി കൈമാറാം എന്നും ഹമാസ് വ്യക്തമാക്കി. ഇതിന് പകരമായി ഫലസ്തീന് തടവുകാരെ വിട്ടയക്കാനും ഹമാസ് ആവശ്യപ്പെട്ടു. അതോടൊപ്പം, ഗസ്സയിലെ ഇസ്രാഈല്‍ യുദ്ധമവസാനിപ്പിക്കാനും ഗസ്സയില്‍ നിന്നും ഇസ്രാഈലിന്റെ പൂര്‍ണമായ പിന്‍വാങ്ങലിനുമുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യമുണ്ട്.
2025 ജനുവരി 19 ലെ ഹ്യൂമനിറ്റേറിയന്‍ പ്രോട്ടോകോള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതോടെ ഐക്യരാഷ്ട്ര സഭയുടേയും റെഡ് ക്രസന്‍്റ് അടക്കമുള്ള മറ്റു സംഘടനകളുടേയും സഹായം ഗസ്സയില്‍ പ്രവേശിക്കാന്‍ അനുവദിക്കണം, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഗസ്സയിലെ ഇസ്രാഈല്‍ സേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തണം. വ്യോമാക്രമണവും വ്യോമ നിരീക്ഷണവും ദിവസവും 10 മണിക്കൂറും ബന്ദികളെയും തടവുകാരെയും കൈമാറുന്ന ദിവസം 12 മണിക്കൂറും നിര്‍ത്തണം, തുടങ്ങിയവയാണ് ഹമാസിന്റെ ആവശ്യങ്ങള്‍.


