ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ‘അജ്ഞാതരോഗം’ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. മരണങ്ങള്‍ക്ക് പിന്നില്‍ വൈറസോ ബാക്ടീരിയയോ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ള വ്യക്തികളാണ് മരിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘മരണങ്ങളെ കുറിച്ചുള്ള വിവരം അറിഞ്ഞയുടന്‍ തന്നെ ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഇതിന്റെ കാരണം മനസ്സിലാക്കാനുള്ള അന്വേഷണത്തിലായിരുന്നു. പരിശോധനകളെല്ലാം നടത്തി. എന്നാല്‍, ബാക്ടീരിയയോ വൈറസോ അല്ല മരണങ്ങള്‍ക്ക് കാരണമെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. മൂന്നു കുടുംബങ്ങളുമായി ബന്ധമുള്ള ആളുകളാണ് മരിച്ചവരെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍, മരണത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഇത് ഒരു രോഗമല്ലെന്ന നിഗമനത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുകയാണ്. കേന്ദ്ര സംഘവും ഇവിടെയെത്തിയിട്ടുണ്ട്. മരണത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ കൂട്ടായി ശ്രമിക്കുകയാണ്’ -മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


