തമിഴ്നാട്ടില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ തള്ളി പിതാവ്. പിതാവിനെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടി പീഡനത്തിനിരയായത്. കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ കരൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
വ്യാഴാഴ്ച രാവിലെ എഴുന്നേറ്റപ്പോള്‍ മകളെ സമീപത്ത് കാണത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ ടെറസിലെ വാട്ടര്‍ ടാങ്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. പ്രതിയായ പിതാവും കുട്ടിയെ തിരയാന്‍ അമ്മക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റം സമ്മതിച്ചത്.
കരൂരിലെ ഇഷ്ടികച്ചൂളയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒരു മകന് കൂടിയുണ്ട്. കുഞ്ഞിനെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ ടാങ്കിലേക്കിട്ട് താഴെ വന്ന് കിടക്കുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു.


