യുക്രൈനുള്ള സൈനിക സഹായം താത്കാലികമായി നിര്‍ത്തിവെച്ച് യുഎസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയും തമ്മിലുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് നടപടി. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
അതേസമയം, ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളില്‍ സെലന്‍സ്കി പരസ്യ ക്ഷമാപണം നടത്തണമെന്നും, യുദ്ധം അവസാനിപ്പിക്കാന്‍ സെലന്‍സ്കി തയ്യാറായാല്‍ സഹായം തുടരുമെന്നതാണ് നിലവില്‍ വൈറ്റ്ഹൌസിന്റെ തീരുമാനം. സെലന്‍സ്കിയെ സമ്മര്‍ദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം.
യുക്രൈനിലെ ധാതു വിഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് സെലന്‍സ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണില്‍ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. യുക്രൈന്റെ നിലപാട് കേള്‍ക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്ന് സെലന്‍സ്കി വ്യക്തമാക്കി.


