കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം അക്രമാസക്തമായി വ്യാപിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഹായം അഭ്യര്‍ഥിച്ചു. പൊഖാറയില്‍ കുടുങ്ങിയ ഉപാസ്ഥ ഗില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്ഥിതിഗതികള്‍ വിശദീകരിച്ചത്. പ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് യുവതി വിവരിക്കുന്നത്. പ്രഫൂല്‍ ഗാര്‍ഗ് എന്നയാളുടെ അക്കൗണ്ടിലൂടെയാണ് യുവതി സഹായം അഭ്യര്‍ഥിക്കുന്നത്.
പ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ ഹോട്ടലിന് തീ വെച്ചതായും, സാധനങ്ങള്‍ നഷ്ടപ്പെട്ടതായും ഉപാസ്ഥ ഗില്‍ വീഡിയോയില്‍ അവകാശപ്പെട്ടു. തങ്ങളെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി അടിയന്തിര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരം നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര് പുറത്തിറങ്ങാതെ സുരക്ഷിതമായിടത്ത് തുടരുക, എംബസി നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക എന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജയിലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് 900 തടവുകാര്‍ രക്ഷപ്പെട്ടു. പ്രധാനമന്ത്രി, പ്രസിഡന്റുമാര്‍ രാജിവെച്ചതോടെ രാജ്യത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തു. ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി.


