തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. 2022 ഫെബ്രുവരി ആറിനാണ് അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രൻ കുത്തിക്കൊലപ്പെടുത്തിയത്.
ഈ മാസം 21നാണ് ശിക്ഷാവിധി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ മാനസികനില കൂടി പരിശോധിച്ച ശേഷമാകും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാകും ശിക്ഷ വിധിക്കുക.
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ മാല കവരുന്നതിനാണ് പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് ചെടി വാങ്ങാൻ എന്ന വ്യാജേനയെത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിൽ ജോലിക്ക് കയറുന്നത്.


