തിരുവനന്തപുരം അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.
കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയായ ഇയാള്‍ മുമ്പും മൂന്ന് കൊലപാതകങ്ങള്‍ നടത്തിയിരുന്നതായാണ് വിവരം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന പ്രതി പണത്തിന് വേണ്ടി കൊലപാതകങ്ങള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നതോടെ ശാസ്ത്രീയ,സാഹചര്യ തെളിവുകളായിരുന്നു നിര്‍ണ്ണായകമായത്. 118 സാക്ഷികളില്‍ 96 പേരെ കേസില്‍ സാക്ഷികളായി വിസ്തരിച്ചു.
2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശിയായ വിനീതയെ രാജേന്ദ്രന് കൊലപ്പെടുത്തിയത്. പേരൂര്‍ക്കട അമ്പലമുക്കില്‍ പ്രവര്‍ത്തിക്കുന്ന ചെടിക്കടയില്‍ വെച്ചായിരുന്നു പട്ടാപകല്‍ കൊലപാതകം നടന്നത്. യുവതിയുടെ നാലര പവന്റെ സ്വര്‍ണ മാല കവരാനാണ് പ്രതി കൊലപാതകം നടത്തിയത്. ഈ സമയം മറ്റാരും കടയില്‍ ഉണ്ടായിരുന്നില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രന് ആണെന്ന് കണ്ടെത്തിയത്.
തമിഴ്നാട്ടിലെ കാവല്‍ കിണറിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പേരൂര്‍ക്കടയിലെ ചായക്കടയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. പ്രതി തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയില്‍ കൊലപ്പെടുത്തി ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.
സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്ന ജീസസ് സര്ജന് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണംത്തിലാണ് പ്രതിയിലേക്ക് എത്തിയത്.


