പഹല്‍ഗാം ഭീകരാക്രമണം നടന്ന സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ലെന്നും വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയതെന്നും മനോജ് സിന്‍ഹ പറഞ്ഞു. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മനോജ് സിന്‍ഹ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ 82 ദിവസം വേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
‘പഹല്‍ഗാമില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. നിഷ്കളങ്കരായ മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെട്ടു. നടന്നത് സുരക്ഷാവീഴ്ചയാണ്. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം. ആക്രമണം നടന്ന സ്ഥലം തുറസായ ഒരു മൈതാനമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നില്‍ക്കാനുള്ള മുറിയോ സൗകര്യമോ അവിടെയില്ല’, എന്നായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം.


