മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി. നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചര്‍ച്ചകളും നടന്നു കഴിഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതലൊന്നും ചെയ്യാനാകില്ലെന്നും എ.ജി വ്യക്തമാക്കി.
ജൂലൈ 16ന് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളുടെ സാധ്യത എത്രയും വേഗം ഉപയോഗിക്കണമെന്ന് അഭിഭാഷകന് സുഭാഷ് ചന്ദ്രന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചത്. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദിയാധനം നല്കുന്ന കാര്യം പരിശോധിക്കാമെും അഭിഭാഷകന് വാദിച്ചിരുന്നു.
ദിയാധനം നല്കിയാല് മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കിയേക്കാമെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്‍പ്പ് അറ്റോണി ജനറലിന് നല്കാന് ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടനയാണ് ഹരജി നല്‍കിയത്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.
ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. ഉത്തരവ് ജയിലധികൃതര്‍ക്ക് കൈമാറിയിരുന്നു. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.


