യുവ ഡോക്ടര്‍ നല്കിയ ബലാത്സംഗ കേസിന് പിന്നാലെ റാപ്പര്‍ വേടന് ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ വേടന്റെ ഫോണ്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം വേടനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. പരാതി നല്കിയ വനിതാഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുമായി വേടന് സാമ്പത്തിക ഇടപാട് നടത്തിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വേടന് മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതി നല്‍കുമെന്ന് കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഡോക്ടറുമായി ഉണ്ടായിരുന്നതെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. പിണങ്ങിക്കഴിഞ്ഞപ്പോള്‍ ആരോപണം ഉന്നയിക്കുകയാണെന്നും വേടന് ഹൈകോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നു. ആഗസ്റ്റ് 18നാണ് ഹൈകോടതി ജാമ്യഹരജി പരിഗണിക്കുക.
തൃക്കാക്കര പൊലീസ് ആണ് യുവ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതി.


