മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന് (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു പവിത്രന്. കൂത്തുപറമ്പിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രന് ജീവനുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്.
ഗുരുതരമായ ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗളൂരു ഹെഗ്ഡെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു പവിത്രന്. ഇയാള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടും നടത്തിയിരുന്നു.
പ്രാദേശിക ജനപ്രതിനിധിയുടെ കത്തിനെ തുടര്‍ന്ന് പിറ്റേന്ന് സംസ്കാരം നടത്തുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മോര്‍ച്ചറിയില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ പവിത്രന് ജീവനുണ്ടെന്ന് കണ്ടെത്തുകയും തിരികെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.
ജനുവരി 24ന് ആണ് പവിത്രന് ആശുപത്രി വിട്ടത്. വീട്ടില്‍ കഴിയുന്നതിനിടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.


