മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന് മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. സാമ്പിള്‍ രാസപരിശോധന ഫലം വന്നതിനു ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കോട്ടക്കല്‍ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകന് ഇസെന് ഇര്ഹാന് മരിച്ചത്.
വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞിന്റ മരണത്തില്‍ ദുരൂഹത ആരോപിച്ചു കോട്ടക്കല്‍ സ്വദേശി ഹംസത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു, ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നായിരുന്നു ആരോപണം. വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹറീറ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.


