വയോധികരായ സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്. സഹോദരന് പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെയാണ് വേങ്ങേരി തടമ്പാട്ടുതാഴം ഫ്ലോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന നടക്കാവ് മൂലന്‍കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരന് പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണില്‍ വിളിച്ച് സഹോദരിമാര്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.
ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോള്‍ ഇരു സഹോദരിമാരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. പരസഹായം ആവശ്യമായ ഇരുവരെയും ഏറെക്കാലമായി പരിചരിക്കുന്ന പ്രമോദിന് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ കടുംകൈ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.


