തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന് ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.


