തൃശൂര്‍: വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമമുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്റെ സഹോദരന് ഹരിദാസ്. കേസുകളും ആരോപണങ്ങളും കാരണം കുടുംബം കടുത്ത ട്രോമയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
”ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത്. പരാതികള്‍ കുടുംബത്തെ ഇല്ലാതാക്കുന്ന രീതിയിലാണ് വരുന്നത്. വേടന്റെ രാഷ്ട്രീയ നിലപാടുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നു. പുതിയ തലമുറക്ക് അറിയരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് വേടന് പറയുന്നത്. അതിനാല്‍ തന്നെയാണ് പ്രതിരോധം ഉണ്ടാകുന്നത്,” ഹരിദാസ് പറഞ്ഞു.
ഇന്ഡസ്ട്രിയിലെ സുഹൃത്തുക്കള്‍ ആശ്വാസം നല്‍കിയെന്നും, പൊലീസുകാര്‍ മാന്യമായി പെരുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാര്‍ത്തകളിലൂടെ കുടുംബം നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ഗുരുതരമാണെന്നും സഹോദരന് ചൂണ്ടിക്കാട്ടി. വേടന്റെ പരിപാടികള്‍ നടത്തുന്നത് സാമ്പത്തികമായി വലിയ ലോബികളല്ലാത്തവരാണെന്നും, അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യതയും പരാതിയില്‍ ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, ബലാത്സംഗക്കേസില്‍ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്കുശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ലൈംഗിക ആരോപണങ്ങള്‍ക്കിടെ വേടന് സംഗീത പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.


