ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.
ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.


