കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) നടപ്പാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. കേന്ദ്ര കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ അന്തിമ പ്രഖ്യാപനം നടത്തും. എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനു മുന്‍പായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരും കേരളടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ സൂചിപ്പിച്ചിരുന്നു.
വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്കരണം ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തിയ വോട്ടര്‍ പട്ടിക പരിഷ്കരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
അതേസമയം, ബിഹാര്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുമ്പുതന്നെ എസ്ഐആര്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബറോടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും അങ്ങനെ വന്നാല്‍ ഒക്ടോബര്‍ മുതല്‍ പരിഷ്കരണം ആരംഭിക്കാമെന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അറിയിച്ചു.


