ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ല് അതിലെ ഓരോ പൗരനും ജാതി-മത-വര്‍ഗ-ലിംഗ ഭേദമന്യേ നല്കുന്ന സാര്‍വത്രിക വോട്ടവകാശമാണ്. പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമികവും പവിത്രവുമായ കടമയാണ്. എന്നാല്‍, ഈ അടിസ്ഥാനതത്ത്വത്തെ ചോദ്യംചെയ്യുന്നതും ജനാധിപത്യ പ്ര ക്രിയയുടെ വിശ്വാസ്യതയെ തന്നെ അപകടത്തിലാക്കുന്നതുമായ ചില നീക്കങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും സമീപകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന രാജ്യവ്യാപകമായി നടപ്പാക്കാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്.
വോട്ടര്‍ പട്ടികയില്‍നിന്ന് വ്യാജന്മാരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുക എന്ന പേരിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എ സ്.ഐ.ആര് നടപ്പാക്കിയത്. പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്ന് തോന്നാമെങ്കിലും ഇതിന്റെ പ്രായോഗിക നടപടികള്‍ വലിയ ആശങ്കകളാണ് ഉയര്‍ത്തിയത്. കൃത്യമായ രേഖകളില്ലാത്തവര്‍, ദരിദ്രര്‍, വിവിധ കാരണങ്ങളാല്‍ മാറിത്താമസിക്കുന്നവര്‍. നാടോടികള്‍, ഭവനരഹിതര്‍ എന്നിവരെ ലക്ഷ്യം വെച്ച് പട്ടികയില്‍നിന്ന് പുറത്താക്കാനുള്ള ഗൂഢപദ്ധതിയാണിതെന്ന് തുടക്കം മുതലേ പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രധാനമായും പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതുമൂലം വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭയം ശക്തമായിരുന്നു. ഈ നടപടിയിലെ സുതാര്യതയില്ലായ്മയും കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെട്ടതോടെ വിഷയം സുപ്രീം കോടതിയുടെ പരിഗണനക്ക് വരുകയുണ്ടായി. ഇതോടെയാണ് ബീഹാറിലെ വിവാദങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനും തങ്ങളുടെ നടപടി
വിവാദങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനും തങ്ങളുടെ നടപടിയെ സാധൂകരിക്കാനുമായി രാജ്യവ്യാപക എസ്.ഐ.ആര് എന്ന ആശയത്തിലേക്ക് കമ്മീഷന് നീങ്ങുന്നത്.
ഒരു ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം പരമാവധി ആളുകളെ വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുക എന്നതാണ്. അതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഇവിടെ കമ്മിഷന് ചെയ്യുന്നത് അതിന്റെ വിപരീതമാണ്. നിലവിലുള്ള വോട്ടര്‍മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും തങ്ങള്‍ യോഗ്യരാണെന്ന് വീണ്ടും തെളിയിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നതിലൂടെ, കമ്മീഷന് ഒരു ‘ഒഴിവാക്കല്‍’ പ്രക്രിയക്കാണ് നേതൃത്വം നല്‍കുന്നത്. ഇത് ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് വിരുദ്ധമാണ്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കാനാണ് കമ്മിഷന് ഈ നടപടിക്ക് മുതിരുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഇത് ശക്തി പകരുന്നു. തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധ്യതയില്ലാത്ത വിഭാഗങ്ങളെ ആസൂത്രിതമായി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുന്നതില്‍ തെറ്റുപറയാനാവില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരനാണ്. ഭരണഘടനാപരമായ ഒരു സ്വതന്ത്ര സ്ഥാപനം എന്ന നിലയില്‍, കമ്മീഷന്റെ ഓരോ നടപടിയും നിഷ്പക്ഷവും സുതാര്യവുമായിരിക്കണം. എന്നാല്‍, എസ്.ഐ.ആര് പോലുള്ള ഏകപക്ഷിയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കമ്മീഷന്റെ വിശ്വാസ്യതയില്‍ കളങ്കം വീഴുന്നു. സര്‍ക്കാരിന്റെ ഒരു ചട്ടുകമായി കമ്മീഷന് മാറുന്നുവെന്ന പ്രതീതി ജനാധിപത്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ബീഹാറില്‍ ഉയര്‍ന്ന എതിര്‍പ്പുകളെയും നിയമപരമായ ചോദ്യങ്ങളെയും അവഗണിച്ച് അതേ മാതൃക രാജ്യത്ത് മുഴുവന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ത് കമ്മീഷന്റെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നത്. വോട്ടര്‍ പട്ടികകള്‍ കാലാനുസൃതമായി പുതുക്കുകയും ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എ ന്നാല് അതിന്റെ മാനദണ്ഡം ഉള്ക്കൊള്ളലിന്റേതായിരിക്കണം, പുറന്തള്ളലിന്റേതാവരുത്. സാങ്കേതികത്വത്തിന്റെയും രേഖകളുടെയും പേരില്‍ ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന് പോലും വോട്ടവകാശം നിഷേധിക്കപ്പെടരുത്. അതിനാല്‍, രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ തീവ്ര പുനഃപരിശോധന പദ്ധതിയില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പിന്മാറണം. പകരം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സാമൂഹിക സംഘടനകളുമായും ചര്‍ച്ച ചെയ്ത്, ആര്‍ക്കും വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന സുതാര്യവും ലളിതവുമായ ഒരു മാര്‍ഗം കണ്ടെത്തുകയാണ് വേണ്ടത്. ജനാധിപത്യം പൂര്‍ണമാകുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുമ്പോഴാണ്, അല്ലാതെ ചിലരെ ഒഴിവാക്കുമ്പോഴല്ല.


