പൊലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ച. മുഖമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയൊഴിയണമെന്നും ഇതുപോലെ മിണ്ടാതിരുന്ന മുഖ്യമന്ത്രി വേറെയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി സ്റ്റാലിന് ചമയേണ്ടെന്നും ഇത് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
സുജിത്ത് കൊലപാതകിയല്ലെന്നും തല്ലിച്ചതയ്ക്കാനുള്ള ന്യായമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡിവൈഎഫ്ഐ നേതാവിനെ കൊന്ന പൊലീസിനെ ന്യായീകരിക്കുകയും ടി.പി കേസ് പ്രതികള്‍ക്ക് മദ്യം വാങ്ങി നല്‍കുന്നുവെന്നും സതീശന് പറഞ്ഞു. സിപിഎം നേതാക്കളെ പൊലീസിന് പേടിയാണെന്നും സതീശന് ആരോപിച്ചു.
കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും അതുവരെ സമരം തുടരുമെന്നും വി.ഡി സതീശന് പറഞ്ഞു. ആരോപണ വിധേയരായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന് പ്രഖ്യാപിച്ചു.
നിസ്സാരമായ കാര്യത്തിന് കൊണ്ടുപോയിട്ടാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്തെ സര്‍ക്കാര്‍ ന്യായീകരിക്കുന്നു. പൊലീസിനെ തിരുത്താന്‍ അല്ല നിങ്ങള്‍ ശ്രമിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ആണ് ശ്രമിച്ചത്. ദളിത് സ്ത്രീയോട് കക്കൂസില്‍ നിന്ന് വെള്ളം എടുത്ത് കുടിക്കാന്‍ പറഞ്ഞ നാണംകെട്ട പോലീസ് ആണ് നിങ്ങളുടേത്. പോലീസിനെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന് ചൂണ്ടിക്കാട്ടി.


